കായൽ കയ്യേറ്റം; തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി

കായൽ കയ്യേറ്റ ആരോപണത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചു. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിസ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തമ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വിമര്‍ശിച്ചു.

തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കലക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമാ യിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കില്ല. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.