തോമസ് ചാണ്ടിക്കുവേണ്ടി കോടതിയിൽ ഹാജരാകുന്ന കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ ചാണ്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വിവേക് തന്‍ഖ എം.പിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി. കൊച്ചി താജ് ഹോട്ടലില്‍ നിന്നും ഹൈകോടതിയിലേക്ക് പുറപ്പെട്ട വിവേക് തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുകയായിരുന്നു. രാവിലെ ഒന്‍പതരയോടെ ഹൈകോടതിയിലേക്ക് പുറപ്പെട്ട തന്‍ഖയുടെ കാര്‍ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയതും വളരെ നാടകയമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തിക്കൊണ്ടിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ വിവേക് തന്‍ഖ കേസില്‍ ഹാജരായത് പാര്‍ട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.

തന്‍ഖ സഞ്ചരിച്ച കാര്‍ തടഞ്ഞ പ്രവര്‍ത്തകര്‍ വാഹനത്തിലിടിച്ച്‌ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അല്‍പനേരം കാര്‍ നിര്‍ത്തിയിട്ട ശേഷം പിന്നീട് പൊലീസിന്‍റെ സഹായത്തോടെ തന്‍ഖ കോടതിയിലേക്ക് പോയി. കേസില്‍ ഹാജരാകരുതെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന വിവേക് തന്‍ഖ തള്ളിയിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ ഫോണിലൂടെയാണ് ആവശ്യം അറിയിച്ചത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായി മറുപടി നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും അറിയിച്ചു. എം.എം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ അറിയില്ല എന്നായിരുന്നു ഹൈക്കമാന്‍റിന്‍റെ മറുപടി.